തോരാത്ത മഴയത്തു നാണിച്ചു നില്‍ക്കുന്ന
മൂവാണ്ടന്‍ മാവെന്നെ മാടി വിളിക്കുന്നു
തന്നിടാം ഒരായിരം കണ്ണിമാങ്ങകള്‍
വന്നിടൂ മഴ നനഞ്ഞെന്നരുകില്‍ നീ
പെയ്തൊഴിയാ മഴയത്തും കളകളാരവം
കേട്ടുല്ലസിച്ചോടി ഞാന്‍ പെറുക്കുന്നു മാങ്ങകള്‍
കുഞ്ഞിതും വലിയതും പച്ചയും പഴുത്തതും
പെറുക്കി കൂട്ടുന്നു പിന്നീടു തിന്നിടാന്‍
ഉച്ചത്തില്‍ അമ്മ തന്‍ സ്വരം, പാടില്ല നനയുവാന്‍
മഴ നനഞ്ഞീടുകില്‍ അസുഖങ്ങള്‍ വന്നിടും
അപകടം ഉണ്ടതേ.. മഴപെയ്യും നേരമോ
മാവിന്‍ കീഴിലോ മാങ്ങാ പെറുക്കുന്നു
കേള്‍ക്കാതെ പിന്നെയും മാങ്ങകള്‍ പെറുക്കി ഞാന്‍
മാങ്ങ തന്‍ എണ്ണത്താല്‍ ശ്രേയസു വര്‍ത്ഥിക്കും
കൂട്ടുകാരോടെല്ലാംചൊല്ലിടാം പിന്നീടു
മഴയത്തു ഞാന്‍ തന്നെ പെറുക്കീലോ മാങ്ങകള്‍
മാങ്ങകള്‍ കൂടുന്നു അമ്മ തന്‍ കരച്ചിലും
ഞാനൊന്നും കേള്‍ക്കതെ പെറുക്കുന്നു പിന്നെയും
അനുസരണക്കേടിനും മാങ്ങ തന്‍ എണ്ണത്താല്‍
അമ്മയെ എന്‍ വഴി വരുത്തിടാം എന്ന ചിന്തയും
വീഴുന്നു കൊമ്പിതാ എന്‍ തലയിലൊന്നായി
ഞാന്‍ എന്ന ഞാന്‍ വെറും പാവകണക്കേയും
അമ്മ തന്‍ നിലവിളി ഉച്ചത്തില്‍ ആയിതോ
പിന്നങ്ങൊന്നുമേ കേള്‍ക്കുന്നില്ലിതോ
മാങ്ങകള്‍ മാത്രമായി കിടക്കുന്നു ചുറ്റിലും
തിന്നുവാന്‍ ആകാതെ ഞാനെങ്ങോ യാത്രയായി
ജീവിതം അറിയാതെ അമ്മയെ കേള്‍ക്കാതെ
ജീവനേക്കാള്‍ മാങ്ങയെ ഞാനന്നു സ്നേഹിച്ചോ?
ഓറ്ക്കുക: നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ