മൈ ദിനം അഥവാ എന്തെടൈ

ഈശ്വരാ കൈയ്യുടെ ഒരത്തിനെന്താ‍ ഇത്ര വേദന.. ഒന്നു തിരിഞ്ഞു കിടന്നേക്കാം എന്നു വെച്ചു നേറ്പ്പകുതിക്കു രാത്രി പകുത്തു നല്‍കിയ പുതപ്പ് മുഴുവനും അങ്ങ് വലിച്ചെടുത്ത് ചുരുണ്ട് കൂടി. ഒളികണ്ണിട്ടു ക്ലോക്കില്‍ നോക്ക്കിയപ്പോള്‍ സമയം 6.20. ഇനിയും ഒരു 5 മണിക്കൂറ് കൂടി ഉറങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍..എന്നും ചിന്തിച്ച് കൂറ്ക്കം വലിയില്‍ മുഴുകാനുള്ള എന്റെ ആഗ്രഹത്തെ തകിടം മറിച്ചു ഒന്നുകൂടി തിരിഞ്ഞു കിടക്കാനുള്ള ഒരു ശങ്ക. അതു സാധിക്കാനായി പോകുന്ന മുറക്ക് നേറ്പ്പാതിയെ നോക്കിയപ്പോള്‍ കൊച്ചിന്‍ പാലു കൊടുക്കുകയാണ്‍..കൂടെ ഒരു കമെന്റും.. എന്റെ ജോജിയേ ഇങ്ങനെ കിടന്നു ചാടിമറിയാതെ, കൊച്ചെഴുന്നേല്‍ക്കും കേട്ടോ.. ടിം… ശെരി ഞാന്‍ ഒന്നും മിണ്ടാതെ തലക്കു കയ്യും വെച്ചു കിടന്നു. എങ്ങനെയോ ഉറങ്ങിപ്പോയി.. ട്ര്ണീം ട്ര്ണീം അലാറം അലറി വിളിച്ചു.. എന്റെ മുഖം ഒന്നു വളിച്ചു..അതു സ്നൂ‍സില്‍ ആക്കിയിട്ട് കയ്യോടെ നേറ്പ്പാതിയുടെ കയ്യില്‍ കൊടുത്തു..ഇനി നീ‍യായി നിന്റെ പാടായി.. ഞാന്‍ ഓഫീസില്‍ പോയി വല്ലോ ജോലിയും ചെയ്യണം എന്നുണ്ടെങ്കില്‍.. എല്ലാം സെറ്റപ്പാക്കിയേച്ചു വിളി.. ഞാന്‍ വീണ്ടും മയങ്ങി..

ജോജീ സമയം പോയി കേട്ടോ.. ‌(അതു പറഞ്ഞില്ല അല്ലേ.. ജോജി എന്നത് നേറപ്പാതി സ്നേഹവും ബഹുമാനവും കൂട്ടി വിളിക്കുന്നതാണ്‍.. ജോ എന്ന ചുരുക്കപ്പേരിന്റെ കൂടെ ജി എന്ന ഹിന്ദി സംഗതി ബഹുമാനപുരസ്വരം അങ്ങാടിയേക്കുന്നു..) ഞാന്‍ ചാടി എഴുന്നേറ്റു.. ശൂശു ഒക്കെ വെച്ചു.. പല്ലുകളും തേച്ചു വെടിപ്പാക്കി..അടുക്കളയില്‍ എന്റെ ലഞ്ചുബോക്സ് റെഡിയാക്കുന്ന നേറ്പ്പാതിയെ ഒന്നു തൊട്ടുതലോടി സുപ്രഭാതകറ്മങ്ങളിലേക്കു കടന്നു..

തണുപ്പിന്റെ അതിപ്രസരം ഏല്‍ക്കാതിരിക്കാനുള്ള സെറ്റപ്പുകളുമായി വീറ്ത്തുരുണ്ട് വരുന്നതിനിടയില്‍ എന്റെ കുഞ്ഞാപ്പി ചിണുങ്ങിക്കൊണ്ടെഴുന്നേറ്റു.. ഗുഡ്മോറ്ണിങ്ങ് ഒക്കെ പറഞ്ഞു ഫലിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും വക വെക്കാതെ നേറ്പ്പാതിയുടെ കൂടെ അവന്‍ ശൂശു വെക്കാന്‍ പോയി. ശൂശു കഴിഞ്ഞ സമാധാനത്തില്‍ നില്‍ക്കുന്ന കുഞ്ഞാപ്പിക്കു ഒരുമ്മയും ഞാന്‍ പാസ്സാക്കി.. അക്കൂടെ നേറ്പ്പാതിയും എന്നെ ഒന്നു നോക്കിയെങ്കിലും..ഞാന്‍ വെയിറ്റിട്ട് നിന്നു.. പ്രാതലിനായി നീങ്ങി.. അതിനിടയില്‍ ജാപ്പനീസ് റ്റി വിയില്‍ വരുന്ന കുരുന്നുകളുടെ ഗുലു ഗുലു തൊക്കാ എന്നും പറഞ്ഞു കൈയ്യുരുട്ട് പിന്നുരുള്‍ പരുപാടി കണ്ടു രസിച്ച് അതിനൊപ്പം ഡാന്‍സ് ചെയ്യുന്ന കുഞ്ഞാപ്പിയെ എടുത്ത് അപ്പായി പോട്ടെ എന്നും പറഞ്ഞു ചെന്നപ്പോള്‍ ഒന്നൊഴിവായിത്തരൂ എന്ന മട്ടില്‍ ഇന്നാ പിടിച്ചോ ഉമ്മ , ഇനി ഇതിന്റെ കുറവുകൊണ്ട് ഉള്ള നേരത്തെ പോകാണ്ടിരിക്കേണ്ടാ എന്ന മട്ടില്‍ നീട്ടി ഊഊമ്മ ഒരെണ്ണം അവനിങ്ങു തന്നു.. അതില്‍ ഒരോഹരി നേറ്പ്പാതി്ക്കും ഞാന്‍ കൊടുത്ത് ഷൂസ് ഒക്കെ വലിച്ചുവാരിയിട്ട് റെയില്‌വേസ്റ്റേഷന്‍ ലാക്കാ‍ക്കി ഓഫീസിലേക്കുള്ള പ്രയാണം ആരംഭിച്ചു…

ഏഷണിയായിരിക്കും.. എന്റെ പാറ്പ്പിട സമുച്ചയത്തിലുള്ള അയല്‌വക്ക മഹിളാമണികള്‍ കൂടിനിന്നു സംസാരിക്കുന്നു.. സൈഡ് വഴി ഞാന്‍ കണ്ടേ കണ്ടില്ലേ എന്ന മട്ടില്‍ നോക്കി കടന്നു പോകുന്ന എന്നെ നോക്കി.. ഞങ്ങളും കണ്ടേ കണ്ടില്ലേ എന്നപോലെതന്നെ തലകുനിച്ചു ഒഹായൊ (ഗുഡ്മോറ്ണിങ്ങ്) ആയിരിക്കാം മനസ്സില്‍ പറഞ്ഞു കാണാം..എന്താണേലും ഞാന്‍ പറഞ്ഞു. സംസ്കാര സമ്പന്നനായ ഞാനെന്തിനു കുറക്കണം.. കൊളസ്റ്റ്രോള്‍ ലേശം കുറക്കുവാനായി പടികള്‍ ഓടിക്കയറി നടപ്പു തുടറ്ന്നു.. വഴിയിലെ 24 മണിക്കൂറ് പ്രവറ്ത്തിക്കുന്ന 7/11 സ്റ്റോറും.. പ്ലേസ്കൂളും..ഒരിക്കലും പണി തീരാത്ത റോഡും കടന്ന്, പുഷ്പിക്കാന്‍ വിതുമ്പി നില്‍ക്കുന്ന സക്കുര മരങ്ങളുടെ താഴെയെത്തി.. അവിടെ സ്കൂളില്‍ പോകാനായി ക്യൂ നിന്നു ഒഹായോ പറഞ്ഞു കളിക്കുന്ന കുരുന്നുകള്‍..പിന്നവരുടെ സുന്ദരികളും അല്ലാത്തവരുമായ അമ്മമാറ്..കൂടെ ചില കോന്തന്മാറ്.. പിന്നെ മിടുക്കനായ ഞാനും.. ആ കാഴ്ച്ചകളും കണ്ണിലൊതുക്കി വീണ്ടും ഞാന്‍ നടന്നു.. സ്ഥിരം കാണുന്നവറ്.. പുതിയ ആളുകള്‍..ഒരോരുത്തരായി കടന്നു പോകുന്നു.. ചിലറ് എന്നെ നോക്കുന്നു.. മറ്റു ചിലരെ ഞാനും..ആണുങ്ങള്‍ കടന്നു പോയോ എന്നു ഞാന്‍ നോക്കിയൊട്ടില്ല താനും..

റോഡ് സൈഡിലുള്ള ക്ലോക്കില്‍ 8.40 ആയി.. ട്രെയിന്‍ വരാന്‍ 2 മിനിട്ടുകള്‍ മാത്രം.. ഞാന്‍ ഓടി..കൊളസ്റ്റ്രോള്‍ വീണ്ടും കുറഞ്ഞു.. കിതപ്പോടെ ഓട്ടോമാറ്റിക് ഗെയിറ്റില്‍ പാസ്സ് ടച്ച് ചെയ്തു, ഗെയിറ്റ് കടന്നു എസ്കലേറ്ററ് വഴി പ്ലാറ്റ്ഫോറത്തില്‍ എത്തുമ്പോള്‍ ട്രെയിനിന്റെ തല കണ്ടു.. ഒതുങ്ങിമാറി നിന്നു.. ക്യൂവില്‍ ഏറ്റവും പിറകിലായി.. അടുത്ത സ്റ്റേഷന്റെ എസ്കലേറ്ററ് വരുന്ന ബോഗിയുടെ ഡോറിനു മുന്നില്‍ത്തന്നെ. അവസാനം കയറിയാല്‍ ആദ്യം ഇറങ്ങാം. അങ്ങനെ തിക്കിത്തിരക്കി ഒതുങ്ങി മാറി.. ഞെളിഞ്ഞു പിരിഞ്ഞു കാലുകള്‍ രണ്ടും ട്രെയിനുള്ളിലാക്കി ഒപ്പിച്ചെടുത്തു.. ശരീരം കാലുകളുടെ കൂടെ പോരും എന്ന അത്മവിശ്വാസത്തില്‍ ഞാന്‍ ദീറ്ഘശ്വാസം വിട്ടു..ട്രെയിന്‍ അടുത്ത സ്റ്റേഷനില്‍ എത്തി.. എസ്കലേറ്ററ് വഴി ഗെയിറ്റില്‍ പാസ്സും കാണിച്ചു..നടകള്‍ ഓടി ഇറങ്ങി..(കോളസ്റ്റ്രോള്‍ കുറക്കാനല്ല.. ബ്സ്സിന്റെ ക്യൂവില്‍ നിന്ന് ഒരു സീറ്റ് തരപ്പെടുത്താന്‍..) തിരക്കുപിടിച്ചു കടന്നു പോകുന്ന യാത്രക്കാരും.. അവരുടെ ചേഷ്ടകളും നോക്കി നില്‍ക്കാന്‍ ബഹു രസമാണ്‍.. ഞാന്‍ മാത്രം മാന്യന്‍..

8.50 ഇനു വരേണ്ട ബസ് ഇതുവരെ വന്നിട്ടില്ല.. 8.53 ആയിരിക്ക്കുന്നു.. ഒരു മലയാളിയുടെ വിഷമം നോക്കണേ..വരും വരാതിരിക്കില്ല.. ജപ്പാനല്ലേ..8.54, ബസ് വന്നു.. എന്താ ആശാനെ ലേറ്റായല്ലോ.. എന്നൊന്നും ചോദിക്കാന്‍ മെനക്കെടാതെ എന്തും ക്ഷമിക്കാനുള്ള എന്റെ നല്ല മനസ്സുവെച്ചു ഞാന്‍ അതങ്ങു ക്ഷമിച്ചു..കയ്യിലെ ബസ് പാസ് ഉയറ്ത്തി കാണിക്കുന്നതിനിടയിലാണ്‍ ഡ്രൈവറ് ഒരു ലേഡി ആണെന്നതു ശ്രദ്ധിച്ചതു.. പുഞ്ചിരി തൂകി ഒഹായോവും, അരിഗാത്തൊ യും(നന്ദി) ചാക്കും പടി ചൊരിഞ്ഞു, ഇരിക്കുന്ന അവറ്, എന്റെ നോട്ടം കണ്ടു എല്ലാം അവസാനിപ്പിച്ചു.. മറ്റാളുകള്‍ കയറാനുള്ള കാരണവും.. 9.00 ഇനോടടുത്തെങ്കിലും ഓഫീസില്‍ എത്തേണ്ടതു കാരണവും.. ഞാനും നോട്ടം മതിയാക്കി ഒരു സീറ്റില്‍ ഇരിപ്പുറപ്പിച്ചു.. ഈ ജാപ്പനീസ് ലേഡീസ് ആള്‍ കൊള്ളാമല്ലോ.. ബസ്സുകളും ഇവരോടിക്കുമോ.. ഞാന്‍ മനസ്സില്‍ കരുതി.. എന്നേയും എന്റെ സീറ്റും ഒഴിവാക്കി ആളുകള്‍ ഇരുന്നു.. ബസ് പുറപ്പെട്ടപ്പോള്‍ ഞാന്‍ നെഞ്ചുവിരിച്ചിരുന്നു..ഇനി അരേയും പ്രതീക്ഷിക്കേണ്ടല്ലോ.. അടുത്ത സ്റ്റോപ്പില്‍ ഇറങ്ങേണ്ടവറ് ബട്ടണ്‍ ഞെക്കുന്നു.. ഡ്രൈവറുടെ ഒരു ചാക്കു അരിഗാത്തോയുമായി അവറ് ഇറങ്ങി പോകുന്നു.. അങ്ങനെ പല പല സ്റ്റോപ്പുകള്‍..കൂടെ അരിഗാത്തോ കെട്ടുകളും.. എന്റെ സ്റ്റോപ്പാകാറായി.. കയറാനുള്ള അതേ ശുഷ്കാന്തിയോടെ ബട്ടണ്‍ അമറ്ത്തി.. ബസ് നിറ്ത്തിയിട്ടേ ഇറങ്ങാവൂ എന്നു വിളിച്ചു പറയുന്നു. ഞാന്‍ കയറിയതു പ്രമാണിച്ചാണോ എന്തോ..നാട്ടില്‍ ചാടിക്കയറുന്നതും.. ഓടി ഇറങ്ങുന്നതുമായ രംഗങ്ങള്‍ മനസ്സില്‍ മിന്നിമാഞ്ഞു.. എഴുന്നേറ്റു ഡോറിനരുകില്‍ എത്തി നിലയുറപ്പിച്ചു. ബസ് നിന്നു.. ഡോറ് മാത്രം തുറക്കുന്നില്ല.. പകരം ബീം ബീം എന്ന ഒരൊച്ച മാത്രം.. ആളുകള്‍ എന്നെ നോക്കുന്നു..എന്തോ പന്തികേടുണ്ടെന്നു മനസ്സിലായി. തഴോട്ടു നോക്കിയ ഞാന്‍, ഞാന്‍ നില്‍ക്കുന്നതിനു താഴെ നോ പാറ്ക്കിങ് ബോറ്ഡ് കണ്ടു.. ആ വരയുടെ പുറകിലേ നില്‍ക്കാവൂ പോലും.. ആക്രാന്തം മൂലം ചേറ്ന്നു നിന്നതു കാരണം തൂറക്കാനുള്ള കുന്ത്രാണ്ടം അപകടാവസ്ഥ പ്രമാണിച്ചു തൂറക്കാന്‍ വിസമ്മതിച്ചു പോലും.. എന്റെ ശരീരത്തെ, എടതു ചേറ്ത്തു ലേശം പിറകിലോട്ടൊതുക്കി വെച്ചു..ഡോറിനു സമാധാനമായി.. അതു തുറന്നു.. ഞാന്‍ ഇറങ്ങി. ഓഫീസ് തൊട്ടടുത്താണ്.. കാറ്ടൊക്കെ സ്വൈപ്പ് ചെയ്തു ഞാന്‍ ലിഫ്റ്റ് വഴി എന്റെ ഡെസ്ക്കിലെത്തി..

ഓഫീസ് കഥകള്‍, അതങ്ങു ചുരുക്കി പറയാം.. മുഴുവന്‍ പറഞ്ഞാല്‍ അടുത്ത മാസത്തെ ശമ്പളത്തിനായി ചിലപ്പോള്‍ ബലം പിടിക്കേണ്ടി വന്നേക്കും..9.05 ജോലി തുടങ്ങി എന്നു വെച്ചാല്‍ സിസ്റ്റം ഓണാക്കി..തുടങ്ങിയതേ മടുത്ത കാരണം റിലാക്സ് ചെയ്യാനായി ഓറ്കുറ്റ്, ദീപിക, മറ്റു മലയാളം പത്രങ്ങള്‍, ഫോറങ്ങള്‍ തുടങ്ങിയവയില്‍ ഓട്ടപ്രദിക്ഷണം തുടങ്ങി.. അറിവു നേടാനായുള്ള നെട്ടോട്ടമേ.. 10.00 അടിച്ചപ്പോള്‍ കാപ്പിക്കുള്ള ആക്രാന്തം. എന്നില്‍ മാത്രം പ്രതീക്ഷയറ്പ്പിച്ചു കാത്തിരിക്കുന്ന ജോലിയെ (ജൂലി അല്ല) ഞാന്‍ തിരിഞ്ഞുപോലും നോക്കിയില്ല..11.30 മണി മുഴങ്ങി..ഊണിനു സമയമായി.. ലഞ്ച്ബോക്സുമായി കാന്റീനില്‍ ചെന്നു.. ബോക്സ് തുറന്നപാ‍ടേ എല്ലാം വെട്ടിവിഴുങ്ങി.. തിരിച്ചെത്തി..കീബോറ്ഡും, മൌസും ഒതുക്കി വെച്ചു ഒരുച്ചമയക്കം.. ഇവിടിങ്ങനാ ലൈറ്റെല്ലാം ഓഫാക്കൂം.. നമ്മളെ ഉറക്കാനായി.. കട്ടിലിന്റെ ഒരു കുറവു മാത്രം. അടുത്ത ഒരു ബെല്ലോടുകൂടി നിന്റെ ഉറക്കം അവസാനിപ്പിച്ചോ എന്ന മട്ടില്‍ 12.00 ഇനൊരു മണി മുഴങ്ങി.. ഞാന്‍ നിദ്രയിലാണ്ടു. 12.30 ആ ബെല്ലില്‍ ഞാന്‍ ഞെട്ടി..ഒലിപ്പിച്ച ഈറ്റയെല്ലം തൂ‍ത്തുകളഞ്ഞ് സുന്ദരനായി വീണ്ടും സൈറ്റുകളില്‍ നിന്നും സൈറ്റുകളിലെക്കുള്ള യാത്ര.

സ്റ്റോക്ക് മാറ്ക്കെറ്റ് എന്താകും എന്ന ആകാംഷ തുടങ്ങുകയായി..കാശുപോകുമോ, കിട്ടുമോ എന്ന ചിന്ത.. അങ്ങനെ പലവിധ ടെന്‍ഷനുകള്‍.. എന്തെല്ലാം കര്യങ്ങളാ ഈ തല വഴി കടന്നു പോകുന്നേ..എന്നെ ഞാന്‍ തന്നെ സമ്മതിക്കണം..അല്ലാതാരും സമ്മതിച്ചുതരത്തില്ല എന്നു കാലങ്ങളായിട്ടു മനസ്സിലായിരിക്കുന്നു..അങ്ങനെ അനവധി നിരവധി കാര്യങ്ങള്‍ക്കിടയില്‍പെട്ടു എന്റെ ജോലി, അതു ശ്വാസം നേരേചൊവ്വേ എടുക്കാന്‍ തന്നെ ബുദ്ധിമുട്ടുന്നു.. ബുദ്ധിക്കെനിക്കൊരു മുട്ടില്ലാത്ത കാരണം.. ജോലിയുടെ ആ മുട്ട് ഞാന്‍ വകവെച്ചില്ല.. സമയം അങ്ങനെ 6.00 ആയി.. അടുത്തിരുന്നു ജോലി (ജൂലിയെ അല്ല)നോക്കുന്ന സുഹൃത്തിനെ നോക്കി.. സീ യു റ്റുമൊറോ എന്നു വെച്ചുകാച്ചി ഞാന്‍ സ്ഥലം കാലിയാക്കി..ബസ്സും, ട്രെയിനും പിടിച്ചു വീടിനടുത്തുള്ള സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഒരു ഫോണ്‍.. ജോജീ എവിടെയാ? ഞാന്‍ പറഞ്ഞു ഞാന്‍ ഇപ്പോ ജപ്പാനിലാ.. സത്യമല്ലേ എനിക്കു പറയാന്‍ പറ്റൂ.. അങ്ങേത്തലയില്‍ നിറ്ത്താതെയുള്ള ചിരി.. പിന്നെ കാര്യം പറഞ്ഞു.. കുറച്ചു പച്ചക്കറി വാങ്ങണം.. ശെരി നേറ്പ്പാതിയുടെ ആഗ്രഹമല്ലേ ഒരു കമ്പ്ലീറ്റ് നോണ് വെജിറ്റേറിയനായ ഞാന്‍ അതു സാധിച്ചുകൊടുക്കാന്‍ തീരുമാനിച്ചു.. വീട്ടില്‍ ചെന്നപ്പോളോ ഒരു പടല പഴത്തിനു പകരം രണ്ടു പടല എന്തിനാ‍ വാങ്ങിയേ? അതു ചീഞ്ഞുപോകും എന്ന നേറ്പ്പാതിയുടെ പരാതി..നാളത്തെ പച്ചക്കറിക്കട അവധി പ്രമാ‍ണിച്ചു ഒന്നു ഫ്രീ ആയി കിട്ടിയതാ.. ഒരു പഴം കൂടുതല്‍ കഴിച്ചാല്‍ ചത്തു പോകത്തില്ല എന്നു ഞാനും പറഞ്ഞു. അപ്പോള്‍ നേറ്പ്പാതിക്കൊരു സംശയം.. എങ്ങാന്‍ ചത്തുപോയാലോ? ഞാന്‍ നിന്നെ കുഴിച്ചിടും.. ഞാന്‍ പറഞ്ഞു.. നേറ്പ്പാതിക്കു സമാധാ‍നമാ‍യി.. പിന്നെ കുഞ്ഞാ‍പ്പിയുടെ കൂടെ കളി.. നേറ്പ്പാതിയുടെ പരാതികള്‍.. സിനിമകള്‍, വെട്ടി വിഴുങ്ങല്‍, സിരിയലുകള്‍ അങ്ങനെ സമയം 11.00 ആയി.. ആ ദിവസത്തിന്റെ കറ്ട്ടന്‍ വലിച്ചിട്ട് ഈശ്വരനെ ധ്യാനിച്ചു ഉറങ്ങാന്‍ ഞങ്ങള്‍ തീരുമനിച്ചു.. വീണ്ടും നാളേക്കായി…

ഓറ്ക്കുക: നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ

Software Architect മായം ഇല്ലാതെ ഉള്ളത് ഞാൻ അങ്ങ് പറയും എഴുതും 100% You Judge me or not, I don't care

Leave a reply:

Your email address will not be published.

Site Footer